ഓം ഐം ക്ലീം സൗംഹ്രീം

ഭദ്രകാള്യൈ നമഃ


കൊല്ലം ജില്ലയില്‍ കൊട്ടാരക്കര താലൂക്കില്‍ ഓടനാവട്ടം കട്ടയില്‍ ദേശത്ത് തികച്ചും ഗ്രാമീണചുറ്റുപാടില്‍ സ്ഥിതി ചെയ്യുന്ന ചരിത്ര പ്രസിദ്ധവും ചിരപുരാതനവുമായ ഭഗവതിക്ഷേത്രത്തിന് ആയിരത്തില്‍പരം പഴക്കമുള്ളതായി ചരിത്രകാരന്മാര്‍

സാക്ഷ്യപ്പെടുത്തുന്നു. ആരാധനാമൂര്‍ത്തിയായി അഷ്ടസ്വരൂപിണിയായ ഭഗവതി ഇവിടെ കുടികൊള്ളുന്നു. 2016 മാര്‍ച്ച് മാസം 10-ാം തീയതി 12.15ന് ക്ഷേത്രത്തിന്‍റെ നവീകരണഭാഗമായി വിധിപ്രകാരം ആധാരശിലാസ്ഥാനം ഷഡാധാരപ്രതിഷ്ഠയില്‍ നടത്തുകയും പുനര്‍നിര്‍മ്മിക്കുകയും ചെയ്തു. ആധാരശില, ധന്യപീഠം, നിധികുംഭം, പത്മദളം, കൂര്‍മ്മം, യോഗനാളം എന്നിവ ചേരുന്നതാണ് ഷഡാധാരം. മൂലാധാരം, സ്വാധിഷ്ഠാനം,മണിപൂരകം,അനാഹാതം, പഞ്ചപ്രാണം, യോഗനാളം, മുകളില്‍ ആ‍ജ്ഞ എന്നീ

ആധാരചക്രങ്ങളെ ആസ്പദമാക്കിയാണ് ഷഡാധാരപ്രതിഷ്ഠ ചെയ്യുന്നത്. ക്ഷേത്രപുനര്‍നിര്‍മ്മിതിയുടെ വിവിധ ഘട്ടങ്ങളില്‍ കണക്കില്‍ അണുവിട തെറ്റാതെ കൃഷ്ണശിലയില്‍ പഞ്ചവര്‍ഗ്ഗവും, പൂര്‍ണ്ണമായും വനത്തിലെ തേക്കുതടി ഉപയോഗിച്ച് തച്ചുശാസ്ത്രത്തില്‍ നൂതനകാലഘട്ടത്തിന് യോജിച്ച കൊത്തുപണികളോട് കൂടി ക്ഷേത്രത്തിന്‍റെ ചട്ടക്കൂടും, ഉത്തരം വയ്പും, ചെമ്പോല ഉപയോഗിച്ച് മേച്ചില്‍പ്പുറവും, സ്വര്‍ണ്ണം പൂശിയ താഴിക്കകുടവും ക്ഷേത്രം ശില്പി രാജു മുത്തോലി വാസ്തുശില്പകലാ വൈദഗ്ദ്ധ്യത്തില്‍ നിര്‍മ്മിച്ചു നല്‍കി.ക്ഷേത്രത്തിന്‍റെ തോത് അംഗുലം, കോല്‍ കണക്കില്‍ തന്നെയാണ് പുതിയ ക്ഷേത്രവും

നിര്‍മ്മിച്ചിട്ടുള്ളത്. പുനഃപ്രതിഷ്ഠാകര്‍മ്മം 2017 ഫെബ്രുവരി 6 (1192 മകരമാസത്തിലെ രോഹിണി നക്ഷത്രത്തില്‍) രാവിലെ 9.40നും 10.20നും മദ്ധ്യേ ക്ഷേത്രം തന്ത്രി അടൂര്‍ പന്നിവിഴ ഇടമന മഠത്തില്‍ ബ്രഹ്മശ്രീ. ശ്രീനാരായണര് പണ്ടാരത്തില്‍ നിര്‍വ്വഹിച്ചു.

പുനര്‍നിര്‍മ്മിതിയുടെ മുമ്പുള്ള ക്ഷേത്രം കരിങ്കല്ലും തടികളും പ്രധാനമായും പ്ലാവ്, ദേവതാരം, അകില്‍, ആഞ്ഞിലും മേച്ചിലോടും ഉപയോഗിച്ച് നിര്‍മ്മിക്കപ്പെട്ടവയായിരുന്നു.ചട്ടക്കൂട്ടിലെ ആഞ്ഞിലിപ്പലകയില്‍ പഴയ മലയാള അക്കത്തില്‍ ൮൪ (84) എന്ന്

കൊത്തിവച്ചിട്ടുണ്ടായിരുന്നു.പലപ്രാവശ്യം ജീര്‍ണ്ണോദ്ധാരണം നടന്നിട്ടുണ്ടെന്ന് പഴമക്കാരുടെ ഓര്‍മ്മകളില്‍ നിന്ന് മനസ്സിലാക്കുവാന്‍ കഴിയുന്നു. ക്ഷേത്രം നിര്‍മ്മിക്കപ്പെട്ടതോ ജീര്‍ണ്ണോദ്ധാരണം ചെയ്യപ്പെട്ട വര്‍ഷമോ ആയിരിക്കാമെന്ന്

അനുമാനിക്കപ്പെടുന്നു.അതിനു മുമ്പുള്ള വിവരങ്ങളൊന്നും നമ്മുടെയിടയില്‍ അറിയാവുന്നവര്‍ ഇല്ലെന്ന് തന്നെപറയാം. എന്നാല്‍ ഇവിടെയുള്ള സ്ഥലനാമങ്ങളുടേയും ഗൃഹപ്പേരുകളുടേയും അടിസ്ഥാനത്തില്‍ ക്ഷേത്രത്തിനെക്കുറിച്ച് നൂറ്റാണ്ടുകള്‍ക്കുമുമ്പേ ഇന്നാട്ടിലെ നിവാസികളുടെ ആരാധനാമൂര്‍ത്തിയായി പാലക്കോട്ടുദേവി കുടികൊണ്ടിരുന്നതിന് തെളിവുകള്‍ ധാരാളമുണ്ടെന്ന് ചരിത്രഗവേഷകര്‍ അഭിപ്രായപ്പെടുന്നു.

പണ്ട് ഇവിടം പാല (ചെമ്പകം, കള്ളിപ്പാല, യക്ഷിപ്പാല, ഏഴിലംപാല) മരങ്ങളുടെ നിബിഡ വനമായിരുന്നുവെന്നും ഒരു പാലയുടെ പോട്ടില്‍ നിന്ന് നട്ടുച്ച നേരത്ത് പൂവന്‍കോഴിയുടെ ഉച്ചത്തിലുള്ള കൂവല്‍ കേട്ട് അതുവഴിവന്ന ഒരു തച്ചന്‍ തന്‍റെ പണിയായുധം കൊണ്ട് പോട് തുളച്ച് നോക്കിയിട്ടും കോഴിയെ കാണാതെ വരികയും പകരം പോട്ടില്‍ നിന്ന് ചോര കാണുകയും ഭീതിപൂണ്ട തച്ചന്‍ പാലവനത്തില്‍ ദേവീസാന്നിദ്ധ്യമുണ്ടെന്ന് തിരിച്ചറിയുകയും ദേവിയെ പാലപ്പോട്ടില്‍ കുടിയിരുത്തി വിധിയാം വണ്ണം പൂജ നല്‍കി ആരാധിച്ചുവെന്നുള്ള ഒരു ഐതിഹ്യവും ഉണ്ട്. പില്‍ക്കാലത്ത് പാലപ്പോട് ലോപിച്ച് പാലക്കോടായി മാറി.

ദ്രാവിഡ സംസ്കാരത്തിലുള്ള വൈവിധ്യമാര്‍ന്ന ആചാര,അനുഷ്ഠാനങ്ങളുടെ സമ്മിശ്രമായ ക്ഷേത്ര കലകളാല്‍ സമ്പന്നമാണിവിടം. മീനമാസത്തിലെ ഭരണിനാളിലാണ് ദേവിയുടെ തിരുവുത്സവം കൊണ്ടാടുന്നത്. ഉത്സവത്തിനു തുടക്കമായി 41 ദിവസം തോറ്റംപാട്ട് ആരംഭിക്കുന്നു.തികച്ചു വായ്മൊഴിയായി തുടര്‍ന്ന് വന്ന ഒരു കലാരൂപമാണിത്. ദേവിയുടെ കഥകള്‍ തോറ്റംപാട്ടിലൂടെ പാടി പുകഴ്ത്തപ്പെടുന്നു. സംഘകാലത്തിലെ കണ്ണകീചരിതമാണിതിന്‍റെ ഇതിവൃത്തം. ഏവര്‍ക്കും മനസ്സിലാക്കുവാന്‍ എളുപ്പമുള്ള വായ്മൊഴി ഭാഷാശൈലിയിലാണ് ഇവിടെ തോറ്റംപാട്ട് ആലപിക്കുന്നത്. അതിനാല്‍തന്നെ ധാരാളം ഭക്തജനങ്ങള്‍ തോറ്റംപാട്ട് നേരിട്ട് കേട്ടുമനസ്സിലാക്കുവാന്‍ എത്തിച്ചേരാറുണ്ട്. ജനനപ്പാട്ട്, മാലപ്പാട്ട്,കൊല്ലുംതോറ്റും ഇവ തോറ്റംപാട്ടിന്‍റെ പ്രധാന ഭാഗങ്ങളാണ്. ദേവിയും പാലകരുമായുള്ള മംഗല്യമാണ് മാലപ്പാട്ടിന്‍റെ കഥാതന്തു. ഉത്സവങ്ങള്‍ക്ക് തൃക്കൊടിയേറി ഏഴാംനാള്‍ മീനഭരണി ഉത്സവതലേന്ന് അശ്വതി നാളില്‍ രാവിലെ 6 മണിക്ക് ആയിരക്കണക്കിന് അംഗനമാര്‍ അമ്മയ്ക്ക് പൊങ്കാല അര്‍പ്പിക്കുന്നു. രാത്രി പള്ളിവേട്ട അമ്പലത്തുംകാലയില്‍ നിന്നാരംഭിക്കുന്നു. ദേവിയുടെ നല്ലച്ഛനായ പരമശിവന്‍ വേടന്‍റെ വേഷത്തില്‍ വേട്ടയ്ക്ക് പോയിമടങ്ങുന്ന ചടങ്ങ് പള്ളിവേട്ടയ്ക് നടത്തപ്പെടുന്നു. എട്ടാം നാളില്‍ മീനഭരണി. രാവിലെ ഉഷഃപൂജ, ഉരുള്‍,തലയാട്ടം,വേലന്‍പാട്ട്, സര്‍പ്പക്കാവില്‍ പുള്ളുവന്‍പാട്ട് എന്നീ വഴിപാടുകള്‍ നടത്തുന്നു. വൈകിട്ട് 4 മണിമുതല്‍ ഗരുഡന്‍തൂക്കം, കുട്ടികളെ എടുത്തുതൂക്കം,ചമയത്തൂക്കം, കെട്ടിത്തൂക്കം, പണ്ടാരത്തൂക്കം, അമ്മാത്തൂക്കം (ഒരുവലത്ത് കുട്ടികളെ എടുത്തുതൂക്കം) എന്നീ ക്ഷേത്രകലകള്‍ പുരാതനകാലം മുതല്‍ നടന്നുപോരുന്നു. തികഞ്ഞ വ്രതാനുഷ്ഠാനങ്ങളോടുകൂടിയ നേര്‍ച്ചകളാണിവ. ദേവീചരിതത്തില്‍ ദാരികാസുരനുമായുള്ള യുദ്ധത്തില്‍ ദേവിയെ സഹായിക്കുന്ന പടയാളികളാണിവര്‍. അങ്കത്തിന് കച്ച കെട്ടി അരയും തലയും മുറുക്കി വാളും പരിചയും വീശി അടവുകള്‍ പയറ്റുന്നതാണിത്. ദാരികന്‍ കഠിന തപസ്സുകൊണ്ട് പരമശിവനെ പ്രത്യക്ഷപ്പെടുത്തി വരം നേടിയ കഥ ഇവിടെ അന്വര്‍ത്ഥമാകുന്നുണ്ട്. ആണിനാലോ പെണ്ണിനാലോ, ഭൂമിയിലോ ആകാശത്തോ, രാത്രിയിലോ പകലോ തന്നെ നിഗ്രഹിക്കുവാന്‍ പാടില്ലായെന്നും തന്‍റെ ഒരുതുള്ളി രക്തം ഭൂമിയില്‍ പതിച്ചാല്‍ തുല്യരായ ഒരായിരം അസുരന്മാര്‍ ജന്മമെടുക്കണമെന്നുമാണ് ദാരികന്‍ വരം ചോദിച്ചത്. ആയതിനാല്‍ ദേവിയെ ദാരിക നിഗ്രഹത്തിന് സഹായിക്കുന്ന പടയാളികള്‍ എന്ന തരത്തിലാണ് വില്ലില്‍ തൂങ്ങി പയറ്റുന്നതിന്‍റെ ആശയം. പടയാളികള്‍ മുഖത്ത് പുള്ളി (ചുട്ടി) കുത്തി തെക്കന്‍ കളരി അഭ്യസിക്കുന്ന മറ്റൊരു പ്രധാന കലാരൂപമാണ് കുത്തിയോട്ടം.

കാടുജാതിമുകള്‍ എന്നൊരു സങ്കല്പത്തെ ഓര്‍മ്മപ്പെടുത്തി ചൂട്ടുഴിയല്‍ വിത്തുവിതറല്‍ എന്നിങ്ങനെയുള്ള പ്രാചീന സംസ്കാരവും ഇവിടെ നിലകൊള്ളുന്നു. ദുരിതങ്ങള്‍ മാറുന്നതിനായി എല്ലാ ഭവനങ്ങളും സന്ദര്‍ശിച്ച് ചൂട്ടുഴിഞ്ഞ് നെല്‍വിത്ത് വിതറി ക്ഷേത്രത്തില്‍ തിരിച്ചെത്തുന്നു.

വൃശ്ചികച്ചിറപ്പിനോടനുബന്ധിച്ച് നടത്തുന്ന ഗുരുതിപൂജ(കുരുതി) ദ്രാവിഡസംസ്കാരത്തിന് മറ്റൊരുദാഹരണമാണ്. പണ്ടിവിടെ കോഴിക്കുരുതി നടത്തിയിരുന്നതായി പറയപ്പെടുന്നു. സര്‍പ്പക്കാവിലെ ആയില്യം മഹാമഹം തുലാം മാസത്തിലെ ആയില്യം നാളിലാണ്. കാവില്‍ കളമെഴുത്തും, പുള്ളുവന്‍പാട്ടും, നൂറുംപാലും ഊട്ടും, സര്‍പ്പംതുള്ളല്‍, മൂന്ന് വര്‍ഷം കൂടുമ്പോള്‍ സര്‍പ്പബലി എന്നിവയാണ് ആയില്യത്തോടനുബന്ധിച്ച് മുഖ്യമായി നടത്തുന്നത്.

ഗണപതി, ശാസ്താവ്, മുരുകന്‍, ഉമാമഹേശ്വരന്‍, ക്ഷേത്രത്തിന് തെക്ക് യോഗീശ്വരക്കളരി, സര്‍പ്പക്കാവ്, മൂര്‍ത്തിക്കാവ് തുടങ്ങിയ ഉപദേവതകളും ഇവിടെ മുഖ്യമായി ആരാധിക്കപ്പെടുന്നു. എല്ലാ ദിവസവും സ്വയംവര പൂജയും, സന്താനസൗഭാഗ്യ അര്‍ച്ചനയും, തൊട്ടില്‍ സമര്‍പ്പണവും, ഞായറാഴ്ച തോറും രാവിലെ ഏഴു മണിമുതല്‍ പത്ത് മുപ്പത് വരെ വടക്ക് വശത്തുള്ള പേരാലില്‍ മണികെട്ടും, വെള്ളിയാഴ്ച തോറും മഹാഗുരുസിയും, എല്ലാ ഇംഗ്ലീഷ് മാസവും ആദ്യ തിങ്കളാഴ്ച മഹാമൃത്യുഞ്ജയഹോമവും, എല്ലാ മലയാളമാസവും അവസാനത്തെ ശനിയാഴ്ച ശനൈശ്വരഹോമവും നടന്നു വരുന്നു. സന്താനസൗഭാഗ്യം ലഭിച്ചവര്‍ ഉത്സവ സമയങ്ങളില്‍ കുട്ടികളെ എടുത്തുതൂക്കവും പ്രത്യേകിച്ച് അമ്മാത്തൂക്കവും നടത്തിവരുന്നു. നേര്‍ച്ചകള്‍ ചെയ്യുന്ന ഭക്തര്‍ക്ക് ഉദ്ദിഷ്ടകാര്യസിദ്ധിയും ഫലപ്രാപ്തിയും ലഭിക്കുന്നുവെന്നും ധാരാളം അനുഭവസ്ഥര്‍ സാക്ഷ്യപ്പെടുത്തുന്നു.

കൊട്ടാരക്കര ഓയുര്‍ റൂട്ടില്‍ ഓടനാവട്ടം ഠൗണില്‍ നിന്നും ഒരു കിലോമീറ്റര്‍ പടിഞ്ഞാറ് നെടുമണ്‍കാവ് റൂട്ടില്‍ സൊസൈറ്റിമുക്കിനും അമ്പലത്തുംകാലയ്ക്കും മധ്യത്തായി വിശാലമായ ഭൂവിസ്തൃതിയില്‍ പ്രകൃതിരമണീയമായ ചുറ്റുപാടില്‍ കട്ടയില്‍ ശ്രീപാലയ്ക്കോട്ടമ്മ തലമുറകളുടെ രക്ഷകയായി ഏവര്‍ക്കും ആശ്രയമായി കുടികൊള്ളുന്നു.